ഹരിയാനയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കും: ഗിരിരാജ് സിംഗ്
Saturday, October 5, 2024 7:05 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"തുടർച്ചയായ മൂന്നാം തവണയും ഹരിയാനയിൽ ബിജെപി സർക്കാർ രൂപീകരിക്കും. ചരിത്ര വിജയം തന്നെയാണ് പാർട്ടി നേടാൻ പോകുന്നത്. ഹരിയാനയിലുള്ളത് രാഹുലിന്റെ കോൺഗ്രസല്ല. ഹൂഡയുടെ കോൺഗ്രസാണ്. അവർ വിജയിക്കില്ല.'- ഗിരിരാജ് സിംഗ് പറഞ്ഞു.
കോൺഗ്രസ് അവരുടെ മുതിർന്ന നേതാവ് കുമാരി ഷെൽജയെ അപമാനിച്ചുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഷെൽജയെ പ്രഖ്യാപിക്കാത്തത് അവരോടുള്ള കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സമുദായത്തേയും ഇതിലൂടെ കോൺഗ്രസ് അപമാനിച്ചിരിക്കുകയാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
ഇന്നാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഏഴ് മണിക്ക് ആരംഭിച്ചു.
മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഗുസ്തിതാരം വിനേഷ് ഫോഗട്ട്, ദുഷ്യന്ത് ചൗട്ടാല തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.