നാരായൺപൂരിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Friday, October 4, 2024 8:29 PM IST
റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ - ദന്തേവാഡ അതിർത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
23 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും സ്ഥലത്തു നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും സുരക്ഷാ സേന വ്യക്തമാക്കി. വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചു എന്ന രഹസ്യവിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്ക് എത്തിയ സുരക്ഷാസേനയ്ക്കു നേരെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചെന്നും പരിശോധന ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു.