അഭിമന്യുവിന് ഇരട്ടസെഞ്ചുറി നഷ്ടം, സെഞ്ചുറിക്കരികെ വീണ് ജുറെൽ; റെസ്റ്റ് ഓഫ് ഇന്ത്യ 416നു പുറത്ത്
Friday, October 4, 2024 3:11 PM IST
ലക്നോ: ഇറാനി കപ്പില്‍ മുംബൈയ്ക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 416 റൺസിനു പുറത്ത്. ഇതോടെ മുംബൈ 121 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി.
ഇരട്ടസെഞ്ചുറിക്കരികെ വീണ അഭിമന്യു ഈശ്വരൻ (191), സെഞ്ചുറി നഷ്ടമായ ധ്രുവ് ജുറൽ (93) എന്നിവരുടെയും കരുത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ മുംബൈയുടെ റൺമല പിന്തുടർന്നത്.
മുംബൈയ്ക്കു വേണ്ടി ഷംസ് മുലാനി, തനുഷ് കോട്യാന് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും മോഹിത് അവാസ്തി രണ്ടു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ മുംബൈ 537 റണ്‍സ് നേടിയിരുന്നു. സര്‍ഫറാസ് ഖാന് പുറത്താവാതെ നേടിയ 222 റണ്‍സാണ് മുംബൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
നാലിന് 289 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യക്ക് ജുറെലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ജുറെലിനെ ഷംസ് മുലാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാര്‍ദിക് തമോറെ പിടിച്ചു പുറത്താക്കുകയായിരുന്നു.
അഭിമന്യു ഈശ്വരനൊപ്പം 165 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് താരം മടങ്ങിയത്. 121 പന്തില്‍ ഒരു സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജുറെലിന്റെ ഇന്നിംഗ്സ്.
തന്റെ തൊട്ടടുത്ത ഓവറില്‍ അഭിമന്യുവിനേയും മടക്കിയ മുലാനി മുംബൈക്ക് അടുത്ത ബ്രേക്ക്ത്രൂ സമ്മാനിച്ചു. 292 പന്തിൽ ഒരു സിക്സും 16 ഫോറും ഉൾപ്പെടുന്നതായിരുന്നു അഭിമന്യുവിന്റെ ഇന്നിംഗ്സ്.
ഇരുവരും പുറത്തായതിനു പിന്നാലെ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. മാനവ് സുതര്‍ (ആറ്), യഷ് ദയാല്‍ (ആറ്), പ്രസിദ്ധ് കൃഷ്ണ (പൂജ്യം), മുകേഷ് കുമാര്‍ (പൂജ്യം) എന്നിവർ വന്നപോലെ മടങ്ങി. ഒമ്പതു റൺസുമായി സാരാൻഷ് ജെയ്ന്‍ പുറത്താവാതെ നിന്നു.
രണ്ടാമിന്നിംഗ്സ് ആരംഭിച്ച മുംബൈ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തിട്ടുണ്ട്. 51 റൺസുമായി പൃഥ്വി ഷായും അഞ്ചു റൺസുമായി ഹർദിക് തമോറെയുമാണ് ക്രീസിൽ. 14 റൺസെടുത്ത ആയുഷ് മഹാത്രെയുടെ വിക്കറ്റാണ് നഷ്ടമായത്. നിലവിൽ മുംബൈക്ക് ആകെ 197 റൺസിന്റെ ലീഡുണ്ട്.