പിടിവിട്ടു കുതിച്ച് സ്വർണവില; 57,000 രൂപയിലേക്ക്
Friday, October 4, 2024 11:50 AM IST
കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരങ്ങൾ കീഴടങ്ങി സ്വർണവില മുന്നേറുന്നു. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 56,960 രൂപയിലും ഗ്രാമിന് 7,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ചുരൂപ ഉയർന്ന് 5,885 രൂപയിലെത്തി.
തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. വ്യാഴാഴ്ചയും പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയും ഉയർന്നിരുന്നു. ബുധനാഴ്ച സ്വർണവില 400 രൂപ വർധിച്ചിരുന്നു. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിനു വർധിച്ചത്. 57,000 രൂപയെന്ന നാഴികക്കല്ലിലേക്ക് പവൻ വില ഇനി 40 രൂപ മാത്രം അകലെയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയിലുമായി സർവകാല റിക്കാർഡിലായിരുന്ന സ്വർണവില പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും വീണ്ടും കുതിപ്പിന്റെ പാതയിലാണ്. സെപ്റ്റംബർ 27നും ബുധനാഴ്ചയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റിക്കാർഡാണ് പഴങ്കഥയായത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണവില റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. ഔൺസിന് 2,654 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇപ്പോൾ 2,664 ഡോളറിലേക്ക് തിരിച്ചുകയറി.
അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. രണ്ട് രൂപ ഉയർന്ന് ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയായി.