പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും
Friday, October 4, 2024 6:25 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് മുതൽ. ആകെ ഒമ്പത് ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത് എന്ന് സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു.
പ്രധാനമായും നിയമ നിർമാണത്തിനായാണു സഭ ചേരുന്നത്. ആദ്യ ദിവസമായ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ പിരിയും.
സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ ഗവണ്മെന്റ് കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവക്കും. ഒക്ടോബര്‍ 18 ന് നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നത്.
2017 ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും സമ്മേളനത്തിൽ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്.