യൂത്ത്കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
Thursday, October 3, 2024 10:29 PM IST
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. ഇവർക്കെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകി.
കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടൽ മാത്രമാണ് നടത്തിയതെന്നുമാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം നടന്നത്. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യംവിളിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്.
ബസ് കടന്നുപോകുമ്പോൾ പ്രതിഷേധിച്ച പ്രവർത്തകരെ അവിടെ ഉണ്ടായിരുന്ന പോലീസുകാർ കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ ബസിനുപിന്നാലെ വാഹനത്തിലെത്തിയ അംഗരക്ഷകർ ലാത്തികൊണ്ട് ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല.
പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.