വത്സൻ തില്ലങ്കേരിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ചെന്നിത്തല
Thursday, October 3, 2024 3:23 PM IST
കണ്ണൂർ: എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാലു മണിക്കൂർ എഡിജിപി വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുൻപും ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തലാണോ എഡിജിപിയുടെ ജോലിയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി സംഘപരിവാറിന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ബിജെപിക്കായി വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച പിആർ ഏജൻസി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവർത്തിക്കുന്നത്.
കോവിഡിന് ശേഷം പിആർ ഏജൻസി മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അന്ന് നടത്തിയ വാർത്താ സമ്മേളനങ്ങൾ പിആർ ഏജൻസി പറഞ്ഞിട്ടാണ്. നവകേരള സദസും പിആർ പരിപാടിയായിരുന്നുവെങ്കിലും അതു പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.