വയോധിക കിണറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത
Thursday, October 3, 2024 3:12 PM IST
പയ്യന്നൂർ: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിൽ ദുരൂഹത. പയ്യന്നൂർ കൊറ്റിയിലെ സുരഭി ഹൗസിൽ സുലോചന (76) ആണ് മരിച്ചത്.
ഒറ്റയ്ക്ക് താമസിക്കുന്ന സുലോചനയെ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കാണാതായത്. കൊറ്റി കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂത്തമകൾ രജിതയുടെ വീട്ടിൽ പോയിരുന്ന സുലോചന രാവിലെ പതിനൊന്നോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.
രജിതയുടെ മകളാണ് സുലോചനയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. അമ്മാമ്മയോട് പറഞ്ഞ ശേഷം കൊച്ചുമകൾ കുളിച്ചു വരുമ്പോഴേക്കും വയോധികയെ കാണാനില്ലായിരുന്നു.
പെൺകുട്ടി വിവരം നൽകിയതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ ഇരുപതോളം മീറ്റർ അകലെ വ്യത്യസ്ഥമായ സ്ഥലങ്ങളിലായാണ് ഇവരുടെ ചെരിപ്പുകൾ ഉണ്ടായിരുന്നത്.
ഇവരണിഞ്ഞിരുന്ന ആഭരണങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നില്ല. മാലയും വളയും കമ്മലുകളുമാണ് മൃതദേഹത്തിൽ കാണാതിരുന്നത്. വിരലിലെ മോതിരം മാത്രമാണ് ആഭരണമായി മൃതദേഹത്തിലുണ്ടായിരുന്നത്.
കാണാതാകുന്നതിന് മുമ്പ് മൂത്തമകളുടെ വീട്ടിൽ പോയി വന്നപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീടുമുഴുവൻ തെരഞ്ഞിട്ടും കാണാതായ ആഭരണങ്ങൾ കണ്ടുകിട്ടാത്തതിനെ തുടർന്നാണ് ബന്ധുക്കളിലും പരിസരവാസികളിലും സംശയമുടലെടുത്തത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. മരണത്തിലെ ദുരൂഹതയകറ്റാനായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്. ഭർത്താവ്: പരേതനായ ടി.വി. രാമൻ (വിമുക്ത ഭടൻ).
മക്കൾ: കെ.വി. രജിത ( കൊറ്റി), അജിത, ബിജുകുമാർ (ഗൾഫ്), സജിത (അധ്യാപിക, മൈമ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പടന്ന). മരുമക്കൾ: കെ. നന്ദൻ (കൊറ്റി), സുഭാഷ് ചന്ദ്രൻ (ബഹറിൻ), റിദ്യ (കൊറ്റി), പി.ശശി (റിട്ട. എക്സൈസ്, തൃക്കരിപ്പൂർ). സഹോദരങ്ങൾ: നളിനി (ബേക്കൽ), പരേതരായ സരോജിനി, സത്യവതി, ഭാർഗവൻ, മാധവൻ.