കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വീണ്ടും പാന്പ്
Thursday, October 3, 2024 3:05 PM IST
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും പാമ്പ് കയറി. 503-ാം നമ്പര്‍ സ്പെഷൽ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ വിഷമില്ലാത്ത കാട്ടുപാമ്പിനെ കണ്ടത്.
വാർഡിലെ രോഗി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു.
സെപ്റ്റംബർ 19ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവിന് പുറത്ത് നിന്നും കാട്ടുപാമ്പിനെ കാണുകയും രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊല്ലുകയുമായിരുന്നു. രണ്ടുമാസം മുന്‍പ് കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് കാട്ടുപാമ്പിനെ പിടികൂടിയിരുന്നു. ആശുപത്രിക്കുചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറിയെന്നാണ് കരുതുന്നത്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും മെഡിക്കല്‍ കോളജിനകത്ത് പൊളിച്ച് കളഞ്ഞ വസ്തുക്കളും നിർമാണ വസ്തുക്കളും പൈപ്പുകളും മാസങ്ങളായി കെട്ടിടത്തിനകത്ത് പലയിടങ്ങളായി കൂട്ടിയിട്ട നിലയിലാണ്. ഇതിനകത്ത് കയറിക്കൂടുന്ന പാമ്പുകളടക്കമുള്ള ഇഴജന്തുക്കളാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്.