അപരാജിത ഇരട്ടസെഞ്ചുറിയുമായി സർഫറാസ്; മുംബൈ 537നു പുറത്ത്
Thursday, October 3, 2024 1:29 PM IST
ലക്നോ: ഇറാനി കപ്പ് ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരേ മുംബൈ 537 റൺസിനു പുറത്തായി. ഇരട്ടസെഞ്ചുറിയുമായി പുറത്താകാതെ നിന്ന യുവതാരം സർഫറാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മുംബൈ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 536 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച മുംബൈക്ക് തലേന്നത്തെ സ്കോറിനോട് ഒരു റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. ഇന്നത്തെ ആദ്യ ഓവറിലെ അവസാന പന്തിൽ മുഹമ്മദ് ജുനെദ് ഖാൻ (പൂജ്യം) മുകേഷ് കുമാറിന്റെ പന്തിൽ ബൗൾഡായി മടങ്ങുകയായിരുന്നു. വിക്കറ്റോടെ മുകേഷ് കുമാർ അഞ്ചുവിക്കറ്റ് നേട്ടം കരസ്ഥമാക്കി.
അവസാന വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഇരട്ടസെഞ്ചുറിയുമായി സർഫറാസ് ഖാൻ നിലയുറപ്പിച്ചിരുന്നു. 286 പന്തിൽ 25 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 222 റൺസെടുത്ത സർഫറാസ് ഖാനാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ മുംബൈ താരമാണ് സർഫറാസ് ഖാൻ. ഇറാനി കപ്പിൽ ഒരു മുംബൈ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
അതേസമയം, അജിങ്ക്യ രഹാനെ (97), ശ്രേയസ് അയ്യർ (57), തനുഷ് കോട്യാൻ (64) എന്നിവർ മുംബൈക്കായി അർധസെഞ്ചുറി നേടിയിരുന്നു.
റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി മുകേഷ് കുമാർ 110 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. യഷ് ദയാൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തിട്ടുണ്ട്. 67 റൺസുമായി അഭിമന്യു ഈശ്വരനും 25 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. ഒമ്പതു റൺസെടുത്ത ഋതുരാജ് ഗെയ്ക്വാദാണ് പുറത്തായത്. മുഹമ്മദ് ജുനെദ് ഖാനാണ് വിക്കറ്റ്.