തന്റെ ഓഫീസിലുള്ളവര്‍ സംശയനിഴലിലല്ല; അന്‍വറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
Thursday, October 3, 2024 1:10 PM IST
തിരുവനന്തപുരം: പി.വി.അന്‍വറിന്റെ ആക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്‍വറിന്റെ ആരോപണങ്ങളാണ് പ്രകോപിതനായി പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമായി തന്നെയാണ് എടുത്തത്. അതിന്റെ ഭാഗമായി അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് അൻവർ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി വിടുന്നു എന്ന് പറയുന്ന ഘട്ടം വരെയെത്തി.
തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയതയ്ക്കെതിരേ തങ്ങള്‍ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം.
അന്‍വറിന്റെ ലക്ഷ്യം സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരുമാണ്. ഇതിന്റെയെല്ലാം പ്രതീകമായി നില്ക്കുന്ന വ്യക്തമായതിനാലാണ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്.
പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി സ്ത്രീകളോട് പരിധി വിട്ട് പെരുമാറുന്നെന്ന അന്‍വറിന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തന്റെ ഓഫീസിലുള്ളവര്‍ ഒരു തരത്തിലുള്ള സംശയത്തിന്റെയും നിഴലില്‍ അല്ല. അന്‍വര്‍ അദ്ദേഹത്തിന്റെ ശീലത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.