പിആർ ഏജൻസിയുമായി ബന്ധമില്ല, ഒരു പൈസയും ഇതിനായി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി
Thursday, October 3, 2024 1:08 PM IST
തിരുവനന്തപുരം: ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പിആർ ഏജൻസിയുടെ പങ്കുസംബന്ധിച്ച വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഒരു പിആർ ഏജൻസിയുമായി ബന്ധമില്ലെന്നും താൻ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഹിന്ദു ദിനപത്രം ആശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നൽകിയത്. ദേവകുമാറിന്റെ മകൻ ചോദിച്ചത് അനുസരിച്ചാണ് അഭിമുഖം നൽകിയത്. ഹിന്ദുവിന്റെ ലേഖികയുടെ ചോദ്യങ്ങൾ മറുപടി നൽകി. ഒരു ചോദ്യം അൻവറിന്റെ വിഷയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു. അത് നേരത്തെ വിശദീകരിച്ച വിഷയമായതിനാൽ അതിനുമറുപടി നൽകിയില്ല.
പിന്നീട്ട് ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ താൻ പറയാത്ത കാര്യങ്ങൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന ഒരു നിലപാട് തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിആർ ഏജൻസി എഴുതി നൽകിയതു പ്രസിദ്ധീകരിച്ചുവെന്നാണ് ഹിന്ദു നൽകുന്ന വിശദീകരണമെന്ന് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ, എതെങ്കിലും ഒരു ഭാഗം കിട്ടിയാൽ താൻ പറഞ്ഞതായി കൊടുക്കാൻ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
താൻ അഭിമുഖം നൽകിയപ്പോൾ ഒരാൾ കൂടി കടന്നുവന്നു. അത് ഹിന്ദുവിന്റെ ആളാണെന്നാണ് താൻ കരുതിയത്. പിന്നീടാണ് അത് പിആർ ഏജൻസിയുടെ ആളാണെന്ന് മനസിലായത്. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കുവേണ്ടി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
പിഴവ് സംഭവിച്ചതുകൊണ്ടാണ് ഹിന്ദു ഖേദം രേഖപ്പെടുത്തിയത്. ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.