ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ല; അൻവറിന് മറുപടിയുമായി കെ.ടി.ജലീൽ
Thursday, October 3, 2024 12:41 PM IST
കോഴിക്കോട്: സ്വന്തംകാലിൽ നിൽക്കാൻ ശേഷിയിലെന്ന പി.വി.അൻവറിന്റെ പരാമർശത്തിന് മറുപടിയുമായി കെ.ടി.ജലീൽ. ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്നും എന്നും സ്വന്തം കാലിലെ നിന്നിട്ടുള്ളുവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സ്വന്തം കുടുംബസ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെ പേടിക്കാനാണ്. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരന്റെ കാലുകൾ എന്തിനാണെന്നും ജലീൽ ചോദിച്ചു.
ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങനെയായിരിക്കും.
അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും തന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല.
സമ്പത്തിന്റെ കാര്യത്തിൽ മാത്രമേ അൻവറിനേക്കാൾ താൻ പുറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങനെയെന്നും പോസ്റ്റിൽ പറയുന്നു. ജലീലിന് ഒറ്റയ്ക്ക് നില്ക്കാന് ശേഷിയില്ലെന്നും ഭയമാണെന്നുമായിരുന്നു അന്‍വറിന്റെ പരാമർശം. ജനകീയ വിഷയങ്ങള്‍ ധീരമായി ഏറ്റെടുക്കാന്‍ ജലീലിന് ശേഷിയില്ല. അതുകൊണ്ടാണ് ജലീൽ തനിക്കെതിരേ സംസാരിക്കുന്നതെന്നും അൻവർ വിമർശിച്ചിരുന്നു.