പൂരം കലക്കൽ: എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി
Thursday, October 3, 2024 12:20 PM IST
തിരുവനന്തപുരം: തൃശൂർ പൂരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഇത്തവണ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റമറ്റ രീതിയിൽ പൂരം നടത്താനാണ് ശ്രമിച്ചത്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കാലത്തായിരുന്നു പൂരം. പൂരത്തിന്റെ അവസാന ഘട്ടത്തിൽ ചില വിഷയങ്ങൾ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ടാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.
അജിത് കുമാറിന്റെ അന്വേഷണത്തിൽ പൂർണ വിവരങ്ങൾ ഇല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഡിജിപിയുടെ റിപ്പോർട്ട് സെപ്റ്റംബർ 23ന് ഡിജിപി സർക്കാരിനു സമർപ്പിച്ചു. സെപ്റ്റംബർ 24ന് റിപ്പോർട്ട് തനിക്കു ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ടിൽ കുറേകാര്യങ്ങൾ ഉണ്ട്. എന്നാൽ ഈ റിപ്പോർട്ടിനെ സമഗ്ര റിപ്പോർട്ടായി കാണാൻ സാധിക്കില്ല. അതിനാൽ പുതിയ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്ന് തലത്തിലുള്ള അന്വേഷണമാണ് നടക്കുക. അജിത് കുമാറിന്റെ വീഴ്ച ഡിജിപി അന്വേഷിക്കും. ഉദ്യോഗസ്ഥ വീഴ്ച ഇന്റലിജൻസ് എഡിജിപി അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.