അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; ക്വാർട്ടേഴ്സിനുള്ളിൽ കയറി
Thursday, October 3, 2024 12:03 PM IST
അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ തൊഴിലാളികളുടെ ക്വാർട്ടേഴ്സിനുള്ളിൽ കയറി കാട്ടാനകൾ വീട് നശിപ്പിച്ചു. അതിരപ്പിള്ളിയിലെ പ്ലാന്റേഷൻ പത്താം ബ്ലോക്കിൽ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിലാണ് ആനകൾ കയറിയത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
പിൻവാതിൽ പൊളിച്ച് അടുക്കള ഭാഗത്തേക്കു കടന്ന കാട്ടാനകൾ പിന്നീട് പ്രധാന ഹാളിലെത്തി. വീടിന്റെ മേൽക്കുര പൊളിയുന്ന ശബ്ദം കേട്ട് സമീപത്തെ ലയത്തിലുള്ള തൊഴിലാളികൾ എത്തി ശബ്ദമുണ്ടാക്കിയപ്പോൾ കാട്ടാനകൾ വീടിന്റെ മുൻ വാതിൽ പൊളിച്ച് ആനകൾ പുറത്തിറങ്ങി കാട്ടിലേക്കു പോകുകയായിരുന്നു.
ബുധനാഴ്ചയും സമാനമായ രീതിയിൽ ലയത്തോടു ചേർന്നുള്ള സത്യൻ എന്ന തൊഴിലാളിയുടെ വീട്ടിലും കാട്ടാന കയറി വീടിന്റെ ഒരുഭാഗം തകർത്തിരുന്നു.
കാട്ടിൽ നിന്ന് ആനകൾ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകൾക്കു കടക്കാൻ പാകത്തിന് ഉയരത്തിനാണെന്ന് തൊഴിലാളികൾ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായതോടെ രാത്രി കിടന്നുറങ്ങാൻ പോലും സാധിക്കാതെ ദുരിതത്തിലാണ് നാട്ടുകാരും പ്ലാന്റേഷൻ തൊഴിലാളികളും.