ജയിലുകളിൽ ജാതി വിവേചനം പാടില്ല: സുപ്രീംകോടതി
Thursday, October 3, 2024 11:38 AM IST
ന്യൂഡൽഹി: ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജയിൽചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്കരിക്കണമെന്നും കോടതി നിർദേശിച്ചു.
എല്ലാ ജാതികളിലെയും തടവുകാരെ മനുഷ്യത്വപരമായും തുല്യമായും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
രാജ്യത്തെ ജയിലുകളില്‍ ജാതി അധിഷ്ഠിതമായ വിവേചനം നടക്കുന്നുണ്ടെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലാണ് വിധി. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം പൊതുതാത്പര്യാർഥമാണ് ഹർജി ഫയല്‍ ചെയ്തത്.
രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ ജയില്‍ മാനുവലില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. തടവുകാരോട് ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും അവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നും ഹർജിയില്‍ പറയുന്നു.
ഈ ഹർജിയുമായി ബന്ധപ്പെട്ട് രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ നിന്നുമാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. കേരളത്തിലെ ജയില്‍ ചട്ടത്തെയും ഹർജിയില്‍ പരാമര്‍ശിച്ചിരുന്നു.