ഗാന്ധിജിക്കെതിരായ പരാമർശം: കങ്കണയെ തള്ളി ബിജെപി നേതാവ്
Thursday, October 3, 2024 10:37 AM IST
ന്യൂഡൽഹി: രാജ്യത്തിന് പിതാക്കന്മാരില്ലെന്ന പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി നേതാവ്. കങ്കണയുടെ പ്രസ്താവനകൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്ന് ബിജെപി നേതാവ് മനോരഞ്ജൻ കാലിയ എംപി പറഞ്ഞു. കങ്കണയുടേത് പരിചയക്കുറവിന്റെ പ്രശ്നങ്ങളാണെന്നും മനോരഞ്ജൻ പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിലായിരുന്നു മഹാത്മാഗാന്ധിക്കെതിരെ പോസ്റ്റുമായി മാണ്ഡി എംപിയായ കങ്കണ റണാവത് രംഗത്തെത്തിയത്. "രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ' എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇതേ പോസ്റ്റിൽ ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. ഇതിനു പിന്നാലെ പങ്കുവച്ച പോസ്റ്റിൽ ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്.