പിണറായി വിജയന് ഉടഞ്ഞ വിഗ്രഹം, പിആര്‍ വേല കൊണ്ട് നന്നാക്കാന്‍ കഴിയില്ല: ചെന്നിത്തല
Thursday, October 3, 2024 10:23 AM IST
തിരുവനന്തപുരം: സംഘപരിവാര്‍ ശക്തികളുടെ നാവായി മുഖ്യമന്ത്രി മാറുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ പത്രസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയാണ്. പിണറായി പറയാത്ത കാര്യമല്ല പിആര്‍ ഏജന്‍സി പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ബിജെപിയുമായി രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടാണ് സിപിഎം ഉണ്ടാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബിജെപിയുടെ വോട്ട് പോയത് സിപിഎമ്മിനാണ്. ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണം ബിജെപിയുടെ സംഭാവനയാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിന്റെ പ്രതിഫലനമാണ് പിആര്‍ ഏജന്‍സികള്‍ മുഖേനയുള്ള പത്രസമ്മേളനം അടക്കമുള്ള കാര്യങ്ങള്‍.
പിആര്‍ ഏജന്‍സി പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പിണറായിഒരു ഉടഞ്ഞ വിഗ്രഹമാണ്. അതിനെ നന്നാക്കാന്‍ പ്രചാരവേലകള്‍ കൊണ്ട് സാധ്യമല്ല എന്ന് സിപിഎം തിരിച്ചറിയണം. മഹാരാഷ്ട്രയില്‍ അടക്കം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പിണറായിക്ക് വേണ്ടിയും പ്രചാരവേല ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.