കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ മെമു സർവീസ് വരുന്നു
Thursday, October 3, 2024 12:03 AM IST
തിരുവനന്തപുരം: കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ മെമു സർവീസ് അനുവദിച്ചു. പാലരുവിയ്ക്കും വേണാടിനും ഇടയിലാണ് മെമു ട്രെയിൻ അനുവദിച്ചത്. ആഴ്ചയിൽ അഞ്ച് ദിവസമാണ് പുതിയ സർവീസ്.
രാവിലെ 06.15 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 09.35 ന് എത്തുന്ന വിധമാണ് സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എംപിയുടെഇടപെടലിൽ പരിഹാരമായി. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധികൾ എംപി യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പുലർച്ചെ പാലരുവിക്കും വേണാടിനും ഇടയിൽ ഒരു സർവീസ് ആരംഭിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതോടെ സഫലമായിരിക്കുകയാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ അറിയിച്ചു.
കോട്ടയം പാതയിലെ തിരക്കുകൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല, വേണാടിന് സ്റ്റോപ്പ് ഇല്ലാത്ത മറ്റു സ്റ്റേഷനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്കും ഈ സർവീസ് ഒരു പരിഹാരമാകുമെന്ന് എക്സിക്യൂട്ടീവ് മെമ്പറുമാരായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
ഒക്ടോബർ ഏഴിന് ഉദ്ഘാടനയാത്രയിൽ കൊടിക്കുന്നിൽ സുരേഷ് എംപി കൊല്ലം മുതൽ എറണാകുളം വരെ യാത്രക്കാരോടൊപ്പം മെമുവിൽ യാത്രചെയ്യും.