തിരിച്ചടിക്കാൻ ഇസ്രയേൽ ശ്രമിച്ചാൽ മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ
Wednesday, October 2, 2024 9:49 PM IST
ലെബനൻ: തിരിച്ചടി നൽകാൻ ഇസ്രയേൽ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. ഇസ്രയേൽ തിരിച്ചടിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
ഗാസയിലെയും ലെബനനിലെയും കൂട്ടക്കുരുതിയ്ക്ക് മറുപടിയെന്നോണം ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സെയ്ദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാൻ രണ്ട് മാസത്തോളം കാലമാണ് സംയമനം പാലിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരായി ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.