വാണിജ്യ അളവിലുള്ള ലഹരിക്കേസുകള്‍ കൂടുതല്‍ എറണാകുളത്ത്
സീമ മോഹന്‍ലാല്‍
Wednesday, October 2, 2024 8:47 PM IST
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ അളവിലുള്ള എന്‍ഡിപിഎസ് (നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്ത്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കൊച്ചി സിറ്റിയിലാണ് വാണിജ്യ അളവിലുള്ള ലഹരിമരുന്നുകള്‍ കൂടുതലും പിടികൂടിയത്.
13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 27 പേര് അറസ്റ്റിലായി. എറണാകുളം റൂറലില്‍ ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 17 പേരാണ് അറസ്റ്റിലായത്. രണ്ടാം സ്ഥാനം കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ റിപ്പോര്‍ട്ട് ചെയ്ത ഒമ്പതു കേസുകളിലായി 22 പേരാണ് അറസ്റ്റിലായത്.
മൂന്നാം സ്ഥാനത്ത് പാലക്കാട്, മലപ്പുറം, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലാണ്. പാലക്കാടും മലപ്പുറത്തും പത്തു കേസുകളും തൃശൂര്‍ സിറ്റിയില്‍ ഏഴു കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ മൂന്നു കേസുകളിലും 21 പേര് വീതമാണ് അറസ്റ്റിലായത്. മൂന്നു മാസക്കാലയളവില്‍ പത്തനംതിട്ടയില്‍ വാണിജ്യ അളവിലുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടില്ല.
ഇക്കാലയളവില്‍ മീഡിയം അളവിലുള്ള ലഹരിവസ്തുക്കള്‍ കൂടുതലായി പിടികൂടിയത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 68 പേരാണ് അറസ്റ്റിലായത്. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. 41 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 44 പേര് അറസ്റ്റിലായി.
റിപ്പോര്‍ട്ട് ചെയ്ത 23 കേസുകളില്‍ 36 പേരെ അറസ്റ്റു ചെയ്ത് കൊച്ചി സിറ്റിയാണ് മൂന്നാം സ്ഥാനത്തുള്ളത്. എറണാകുളം റൂറലില്‍ റിപ്പോര്‍ട്ട് ചെയ്ത 18 കേസുകളിലായി 30 പേര് അറസ്റ്റിലായി. ഇതില്‍ മലപ്പുറത്ത് ഒമ്പതു കേസുകളിലും എറണാകുളം സിറ്റിയില്‍ നാലു കേസുകളിലും എറണാകുളം റൂറലില്‍ ഏഴു കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗം ചേര്‍ന്നിരുന്നു.
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്കാന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ജില്ല പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.