മനാഫും ഈശ്വർ മാൽപെയും നടത്തിയത് നാടകം; കടുത്ത സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം
Wednesday, October 2, 2024 4:43 PM IST
കോഴിക്കോട്: അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് കുടുംബം. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാവരോടും നന്ദിയുണ്ടെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു.
എം.കെ. രാഘവൻ എംപി, കെ.സി. വേണുഗോപാല്‍ എംപി, എകെഎം അഷ്റഫ് എംഎല്‍എ, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, കേരളത്തിലെ മറ്റു എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഈശ്വര്‍ മല്‍പെ, മറ്റു മുങ്ങല്‍ വിദഗ്ധര്‍, ലോറി ഉടമ മനാഫ്, ആര്‍സി ഉടമ മുബീൻ, മാധ്യമങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍, കേരള സര്‍ക്കാര്‍ എന്നിവരെല്ലാം നടത്തിയ ഇടപെടലും പങ്കും വളരെ വലുതാണെന്നും കുടുംബം വ്യക്തമാക്കി.
കടുത്ത സൈബർ ആക്രമണം നേരിടുന്നതായും അർജുന്റെ കുടുംബം പറഞ്ഞു. ലോറി ഉടമ മനാഫിനെതിരേയും ആരോപണവുമായി കുടുംബം രംഗത്തെത്തി.
അർജുന് 75000 രൂപ ശമ്പളമുണ്ടായിരുന്നെന്ന് ഒരു വ്യക്തി തെറ്റായി പ്രചരിപ്പിച്ചു. ഇതിന്റെ പേരിൽ തങ്ങൾ രൂക്ഷമായി സൈബർ ആക്രമണം നേരിട്ടെന്ന് കുടുംബം പറയുന്നു.
എസ്പിയും എംഎൽഎയും മനാഫിനെതിരേ പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. അർജുന്റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. മനാഫും ഈശ്വർ മാൽപെയും നടത്തിയത് നാടകമാണെന്നും കുടുംബം പറഞ്ഞു.
കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നതിൽനിന്ന് മനാഫ് പിൻമാറണമെന്നും അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. പല കോണുകളിൽനിന്ന് കൂടുംബത്തിനായി ഫണ്ട് ശേഖരിക്കുന്നുണ്ട്. ആ ഫണ്ട് തങ്ങൾക്ക് വേണ്ടെന്നും കുടുംബം അറിയിച്ചു.