പിണറായി ഇടതുപക്ഷത്തിന്റെ തല; പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് റിയാസ്
Wednesday, October 2, 2024 10:44 AM IST
കണ്ണൂർ: ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടുണ്ടായ പിആർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണ്.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നന്നതിന് പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലയ്ക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായി ആണ്. അഭിമുഖത്തിന് പിന്നിൽ പിആർ ഏജൻസിയാണെന്ന ആരോപണം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മാധ്യമങ്ങൾക്കെതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. മലപ്പുറം ജില്ലയേയും മതന്യൂനപക്ഷങ്ങളേയും കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് നടത്തിയ പ്രചാരണത്തിന് അൽപമെങ്കിലും നാണമുണ്ടെങ്കിൽ മാധ്യമങ്ങൾ മാപ്പുപറയാൻ തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.