പശ്ചിമേഷ്യ യുദ്ധഭീതിയിൽ; യുഎൻ അടിയന്തര യോഗം ചേരും
Wednesday, October 2, 2024 9:57 AM IST
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് യുഎൻ. ഇന്ന് രാവിലെ 10നാണ് യുഎൻ രക്ഷാസമിതിയുടെ യോഗം ചേരുക.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷത്തെ അപലപിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ വെടിനിർത്തൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇസ്രയേലിനു നേരെ ഇറാന് മിസൈൽ ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് നീങ്ങിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങി. സൈന്യം നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ടു. ഇറാൻ ഒരു വലിയ തെറ്റ് ചെയ്തെന്നും അതിന് മറുപടി കൊടുക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.