മലപ്പുറത്തെ ജനങ്ങളെ അപമാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല
Wednesday, October 2, 2024 8:25 AM IST
മുംബൈ: "ദ ഹിന്ദു' ദിനപത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജില്ലയിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് ചെന്നിത്തല പ്രതികരിച്ചു.
മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ന്യൂനപക്ഷങ്ങളെ കൈവിട്ടുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. പിആര്‍ ഏജന്‍സി വഴി മുഖ്യമന്ത്രി അഭിമുഖം നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. പിണറായി എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പിണറായി വിജയനെന്നുള്ള വിഗ്രഹം തകര്‍ന്നു. ഇപ്പോള്‍ നടക്കുന്നത് അത് പുനര്‍നിര്‍മിക്കാനുള്ള ശ്രമമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം പിണറായി വിജയന്റെ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾ ദ ഹിന്ദു പിൻവലിച്ചിരുന്നു. മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നും ദി ഹിന്ദു അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് ദ ഹിന്ദു റിപ്പോർട്ട്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്.