മുഖ്യമന്ത്രി സംഘപരിവാറിന്റെ പാതയിൽ: വി.ഡി.സതീശൻ
Tuesday, October 1, 2024 8:35 PM IST
കൊച്ചി: മലപ്പുറം പരാമർശത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖം രാജ്യതാത്പര്യത്തിനും സംസ്ഥാനത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതസ്പർധ ഉണ്ടാക്കുന്നതിനായി ബിജെപി പറയുന്ന കാര്യങ്ങളാണ് പിആർ ഏജൻസി എഴുതികൊടുത്തത്. മുഖ്യമന്ത്രി എഴുതി കൊടുപ്പിക്കുകയായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങളിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.
സംഘപരിവാറിന്റെ അതേ പാതയിലാണ് പിണറായി വിജയന്റെ പോക്ക്. രാജ്യത്ത് മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അപകടം മനസിലായപ്പോൾ വീണിടത്തു കിടന്ന് ഉരുളുകയാണ്.
മുഖ്യമന്ത്രിയുടെ ഇമേജ് ബിൽഡിംഗിനു വേണ്ടിയാണ് ഈ ഏജൻസി പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.