ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; അഭിഭാഷകനുമായി ചർച്ച നടത്തി
Tuesday, October 1, 2024 6:02 PM IST
കൊച്ചി: പീഡനക്കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. അഡ്വ.രാമൻ പിള്ളയുടെ കൊച്ചിയിലെ ഓഫീസിലെത്തി അദ്ദേഹം ചർച്ച നടത്തി.കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
അതേസമയം സിദ്ദിഖിനെതിരായ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന് സുപ്രീംകോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകണമെന്നും നിർദേശിച്ചിരുന്നു. സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ അടക്കം അന്വേഷണസംഘം സ്വീകരിച്ച നിലപാട്.