മലപ്പുറം പരാമർശം: രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Tuesday, October 1, 2024 1:03 PM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള വിവാദം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിനാണ് അഭിമുഖം നൽകിയത്. ദൃശ്യമാധ്യമത്തിനല്ല. മുഖ്യമന്ത്രി എന്ത് പറഞ്ഞുവെന്നത് മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവിൽ അച്ചടിച്ച കാര്യങ്ങൾ നോക്കിയാലും ഒരു തരത്തിലും ഏതെങ്കിലുമൊരു പ്രദേശത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ല. ഇതൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് നമുക്ക് വ്യക്തമായി മനസിലാവും.
കേരളത്തിന്റെ മഹാഭൂരിപക്ഷം വരുന്ന ബിജെപി വിരുദ്ധ മനസുകളിൽ ബിജെപി യോട് താത്പര്യമുള്ള ഒരാളായി മുഖ്യമന്ത്രിയെ ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ തലയ്ക്ക് ആർഎസ്എസ് ഇനാം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.
യുഡിഎഫിന് എല്ലാ സഹായവും ചെയ്ത് നൽകുന്നത് ന്യൂനപക്ഷ വർഗീയത ഇനിയും ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ്. യുഡിഎഫിന്റെ സ്ലീപ്പിംഗ് പാർട്ണർ ആയാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.