തകർന്നടിഞ്ഞ് ബംഗ്ലാദേശ്; 146നു പുറത്ത്, ഇന്ത്യയ്ക്ക് ജയിക്കാൻ 95 റൺസ്
Tuesday, October 1, 2024 12:40 PM IST
കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 95 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 146 റൺസിനു പുറത്തായി. 94 റൺസിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്.
അർധസെഞ്ചുറി നേടിയ ഓപ്പണർ ശദ്മാൻ ഇസ്ലാം (50) ആണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. മുഷ്ഫിഖുർ റഹിം (37), ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ (19), സാക്കിർ ഹസൻ (10) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.
രണ്ടിന് 26 റൺസ് എന്ന സ്കോറില്‍ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യം നഷ്ടമായത് കഴിഞ്ഞ ഇന്നിംഗ്സിലെ സെഞ്ചുറി വീരൻ മോമിനുൾ ഹഖിന്റെ (രണ്ട്) വിക്കറ്റാണ്. മോമിനുളിനെ ലെഗ് സ്ലിപ്പില്‍ കെ.എല്‍. രാഹുലിന്റെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
തുടർന്ന് നജ്മുൾ ഹൊസൈന്‍ ഷാന്റോയും(19) ഓപ്പണര്‍ ഷദ്നാന്‍ ഇസ്ലാമും പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തതോടെ ബംഗ്ലാദേശ് സമനില പിടിക്കുമെന്ന തോന്നലുണ്ടായി. ഇരുവരും ചേര്‍ന്ന് 55 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 91 റണ്‍സിൽ നില്‍ക്കെ ഷാന്റോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ശദ്മാൻ ഇസ്ലാമിനെ ആകാശ് ദീപ് സ്ലിപ്പില്‍ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. അതിന്റെ ആഘാതത്തിൽനിന്ന് ബംഗ്ലാദേശ് മുക്തരാകുന്നതിനു മുമ്പേ ലിറ്റണ്‍ ദാസിനെയും (ഒന്ന്) ഷാക്കിബ് അൽ ഹസനെയും (പൂജ്യം) വീഴ്ത്തിയ ജഡേജ അവരെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടു. ഇതോടെ മൂന്നിന് 91 എന്ന നിലയിൽ നിന്ന് ഏഴിന് 94 റൺസ് എന്നതിലേക്ക് കൂപ്പുകുത്തി.
പിന്നാലെ ക്രീസിൽ ഒന്നിച്ച മെഹ്ദി ഹസന് മിറാസും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് ബംഗ്ലദേശിനെ 100 കടത്തി. ഇരുവരും ചേർന്ന് 24 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 118 റൺസിൽ നില്‍ക്കെ മെഹ്ദി ഹസനെ പുറത്താക്കി ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ തൈജുള്‍ ഇസ്ലാമിനെയും (പൂജ്യം) മുഷ്ഫിഖുറിനെയും പുറത്താക്കി ബുമ്ര ബംഗ്ലാദേശ് തകർച്ച പൂർത്തിയാക്കി.