മുഡ ഭൂമിയിടപാട്; സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം
Monday, September 30, 2024 7:36 PM IST
ബംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം.
സിദ്ധരാമയ്യക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരെ എഫ്ഐആറിന് സമാനമായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഇഡി ഫയൽ ചെയ്തു.
നേരത്തെ കേസിൽ സിദ്ധരാമയ്യക്കെതിരെ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈസൂരു ലോകായുക്ത പോലീസാണ് കേസ് അന്വേഷിക്കേണ്ടത്.
മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. സിദ്ധരാമയ്യ, ഭാര്യ ബി.എൻ.പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് അന്വേഷണം.