ഇന്ത്യയ്ക്ക് ലീഡ്; കടുവകൾക്ക് കാലിടറുന്നു
Monday, September 30, 2024 6:03 PM IST
കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. സ്കോര്‍: ബംഗ്ലാദേശ് 233, 26/2, ഇന്ത്യ 285/9. ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാകടുവകൾ നേടിയ 233 റൺസിന് മറുപടിയായി ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് നേടി.
52 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ രണ്ടു വിക്കറ്റ് വീഴ്ത്തി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്.
ഏഴു റൺസുമായി ഷദ്മാന്‍ ഇസ്ലാമും റണ്ണൊന്നുമെടുക്കാതെ മോനിമുള്‍ ഹഖുമാണ് ക്രീസില്‍. നാലു റണ്‍സെടുത്ത നൈറ്റ് വാച്ച്മാന് ഹസന് മെഹ്മൂദിന്റെയും 10 റണ്‍സെടുത്ത സാകിര്‍ ഹസന്റെയും വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന് നഷ്ടമായത്. അശ്വിനാണ് രണ്ട് വിക്കറ്റും.
107-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ബംഗ്ലാദേശ് മോനിനുള്‍ ഹഖിന്റെ (107) സെഞ്ചുറിയുടെ കരുത്തിലാണ് 233 റണ്‍സെടുത്തത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും സിറാജും ആകാശ് ദിപും രണ്ട് വീതവും ജഡേജ ഒരു വിക്കറ്റുമെടുത്തു.
ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് ഉയർത്തിയ 233 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസിന് ഡിക്ലയർ ചെയ്തു. വെറും 34 ഓവറിലാണ് ഇന്ത്യ 285 റൺസ് എടുത്തത്.
51 പന്തിൽ 72 റൺസ് എടുത്ത ജയ്സ്വാളും 11 പന്തിൽ 23 എടുത്ത രോഹിതും ഇന്ത്യക്ക് മികച്ച അടിത്തറ ഒരുക്കി. പിന്നാലെ ഗിൽ 36 പന്തിൽ 39, കോഹ്ലി 35 പന്തിൽ 47, രാഹുൽ 43 പന്തിൽ 68 എന്നിവർ മികച്ച സംഭാവന നൽകിയതോടെ ഇന്ത്യ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 233 മറികടന്നു.
ബംഗ്ലാദേശിനായി മെഹ്ദി ഹസനും ഷാക്കിബ് അല്‍ ഹസനും നാല് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ചാം ദിനം ലഞ്ചിന് മുമ്പ് ബംഗ്ലാദേശിനെ പുറത്താക്കി ടെസ്റ്റ് വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.