വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ് ചുമതലയേറ്റു
Monday, September 30, 2024 3:26 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിംഗ് ചുമതലയേറ്റു. നിലവിലെ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി വിരമിച്ച ഒഴിവിലാണ്, വ്യോമസേന ഉപമേധാവിയായ എ പി സിങ് വ്യോമസേനാധിപനായത്.
1984 ലാണ് അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റ് സ്ട്രീമിലെത്തുന്നത്. റഷ്യയിലെ മോസ്കോയിൽ മിഗ് -29 അപ്ഗ്രേഡ് പ്രോജക്ട് മാനേജ്മെന്റ് ടീമിനെ നയിച്ച സിംഗ് 40 വര്‍ഷത്തോളമായി സേനയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുകയാണ്.
എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്- ഇന്‍-ചീഫ് (സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്), ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ ഫ്ളൈറ്റ് ടെസ്റ്റ് സെന്ററിന്റെ പ്രോജക്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
തേജസ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കുന്നതില്‍ നിർണാക പങ്കുവഹിച്ച അമര്‍പ്രീത് സിംഗ് ഇന്ത്യയുടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസമായ 'തരംഗ് ശക്തി' യുടെ നേതൃനിരയിലുമുണ്ടായിരുന്നു.