അടിയോടടി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നൂറ്, ഇന്ത്യയ്ക്ക് റിക്കാർഡ്
Monday, September 30, 2024 2:30 PM IST
കാൺപൂർ: മഴയും മോശം ഗ്രൗണ്ടും രസംകൊല്ലിയായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ വെടിക്കെട്ട്. ബംഗ്ലാദേശിനെ 233 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിംഗിൽ 10.1 ഓവറിൽ 100 പിന്നിട്ടു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം ഏറ്റവും വേഗത്തിൽ 100 റൺസ് നേടിയ റിക്കോർഡ് ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി.
49 പന്തിൽ 72 റൺസുമായി ക്രീസിലുള്ള യുവതാരം യശ്വസി ജയ്സ്വാളാണ് ബംഗ്ലാദേശ് ബൗളർമാരെ ഓടിച്ചിട്ടടിച്ചത്. 12 ഫോറും രണ്ട് സിക്സറുകളും യുവതാരം നേടി. 11 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 23 റൺസുമായി മടങ്ങിയ നായകൻ രോഹിത് ശർമയും ടെറർ മൂഡിലായിരുന്നു. 26 റൺസുമായി ശുഭ്മാൻ ഗില്ലാണ് ജയസ്വാളിന് കൂട്ടായി ക്രീസിലുള്ളത്.
മത്സരത്തിന്റെ ഭൂരിഭാഗവും മഴയും ഗ്രൗണ്ടിന്റെ മോശം സ്ഥിതിയും കാരണം നഷ്ടമായതിനാൽ സമനിലയാണ് പ്രതീക്ഷിക്കുന്ന ഫലം. എന്നാൽ വേഗത്തിൽ പരമാവധി റൺസ് സ്കോർ ചെയ്ത് ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കാനാണ് ടീം ഇന്ത്യ ശ്രമിക്കുന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ്. ബംഗ്ലാദേശ് സ്കോറിനേക്കാൾ 110 റൺസ് പിന്നിലാണ് ഇന്ത്യ.