മോമിനുള്‍ ഹഖിന് സെഞ്ചുറി; ബംഗ്ലാദേശ് 233ന് പുറത്ത്
Monday, September 30, 2024 1:28 PM IST
കാൺപുര്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ബംഗ്ലാദേശ് 233 റൺസിനു പുറത്ത്. സെഞ്ചുറിയോടെ പുറത്താകാതെ നിന്ന മോമിനുൾ ഹഖിന്റെ (107) ചെറുത്തുനില്പാണ് ബംഗ്ലാദേശിനെ വൻ തകർച്ചയിൽ നിന്നു കരകയറ്റിയത്.
ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് സിറാജ്, രവിചന്ദ്ര അശ്വിൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ നഷ്ടമായി. ആറാം ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ ഇന്‍സ്വിംഗര്‍ ലീവ് ചെയ്ത മുഷ്ഫീഖർ ബൗൾഡായി മടങ്ങി.
പിന്നീട് ക്രീസിലെത്തിയ ലിറ്റണ്‍ ദാസ് (13) ബുമ്രക്കെതിരെ തുടക്കത്തിലെ മൂന്ന് ബൗണ്ടറികളോടെ പ്രതീക്ഷ നല്‍കിയെങ്കിലും സിറാജ് വില്ലനായെത്തി. ബൗണ്ടറിയിലേക്ക് പായിച്ച പന്ത് രോഹിത് ശർമ ഒറ്റക്കൈ കൊണ്ട് പിടിക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസന് (ഒമ്പത്) അമിതാവേശം വിനയായി. അശ്വിനെ ക്രീസ് വിട്ടിറങ്ങി സിക്സ് പറത്താൻ ശ്രമിച്ച ഷാക്കിബ് മുഹമ്മദ് സിറാജിന്റെ കൈകളിൽ അവസാനിച്ചു.
വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മൊമിനുള്‍ ഹഖ് ഈസമയം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. തുടർന്ന് മോമിനുൾ ഹഖും മെഹ്ദി ഹസന് മിറാസും ചേര്‍ന്ന് ബംഗ്ലാദേശിനെ 200 കടത്തി.
172 പന്തിലാണ് മോമിനുള്‍ സെഞ്ചുറിയിലെത്തിത്. 17 ബൗണ്ടറികളും ഒരു സിക്സറും ഇതിൽ ഉൾപ്പെടുന്നു. സ്കോർ 224 റൺസിൽ നില്‍ക്കെ മെഹിദി ഹസനെ (20) പുറത്താക്കി ബുമ്ര വീണ്ടും ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെയെത്തിയ തൈജുൾ ഇസ്ലാമിനെയും (അഞ്ച്) ബുമ്ര മടക്കി.
പിന്നാലെയെത്തിയ ഹസൻ മഹ്മൂദിനെ (ഒന്ന്) മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നിൽ കുടുക്കി. അവസാന വിക്കറ്റായ ഖാലിദ് അഹമ്മദിനെ സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കിയ രവീന്ദ്ര ജഡേജ തന്റെ മുന്നൂറാം വിക്കറ്റ് നേട്ടവും കരസ്ഥമാക്കി.
മഴ വില്ലനായതോടെ കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവർ മാത്രമാണ് കളി നടന്നത്. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞുകിടന്നതിനാൽ മത്സരം തുടങ്ങാനായിരുന്നില്ല. അതിന് ശേഷം ഇന്നാണ് വീണ്ടും ബാറ്റിംഗ് തുടരുന്നത്.