അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് എഡിജിപിയുടെ മൊഴി
Monday, September 30, 2024 1:08 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നു എഡിജിപി എം.ആർ.അജിത്കുമാറിന്റെ മൊഴി. ഉന്നത പോലീസ് ഉദോഗസ്ഥരും കള്ളക്കടത്തു സംഘങ്ങൾക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും അജിത്കുമാർ ഡിജിപി ഷേഖ് ദർബേഷ് സാഹിബ് മുൻപാകെ നൽകിയ മൊഴിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് വച്ച് ഡിജിപി നടത്തിയ മൊഴിയെടുക്കലിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ എന്നിവരും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ ചോദ്യവലി പ്രകാരമായിരുന്നു മൊഴിയെടുപ്പ്.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ജോലിയുടെ ഭാഗമായുള്ളതാണ്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി വിവിധ മത, സാമുദായിക, രാഷ്ട്രീയ നേതാക്കളുമായി കൂടികാഴ്ച നടത്താറുണ്ട്. പല വിഷയങ്ങളും ഉണ്ടാകുമ്പോൾ അവയെ പ്രതിരോധിക്കാൻ ഇത്തരം ബന്ധങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ട്.
ഇനിയും ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ നടത്തും. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസബലയെ കണ്ടത് സ്വകാര്യ സന്ദർശനമായിരുന്നു. ഒരു റിട്ട. എസ്പിയും അവിടെ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. കോവളത്ത് റാം മാധവിനെ കണ്ടത് ഒരു മാധ്യമ സ്ഥാപനത്തിന്റെ പരിപാടിയിൽ വച്ചാണ്. ഒരു പരിചയപ്പെടാൻ മാത്രമായിരുന്നു അത്. അഞ്ച് മിനിറ്റ് മാത്രമേ കൂടിക്കാഴ്ച നീണ്ടു നിന്നുള്ളു.
മുൻ ആഭ്യന്തരമന്ത്രി പി.ചിദംബരം, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രോഗ്രാമായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ വച്ചു ലീല ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആശിഷിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിചയപ്പെട്ടതെന്നും എഡിജിപിയുടെ മൊഴിയിൽ പറയുന്നു.