സ്പേസ് എക്സ് ക്രൂ ബഹിരാകാശ നിലയത്തിൽ; സ്വാഗതം ചെയ്ത് സുനിതയും വില്‍മോറും: വീഡിയോ പുറത്തുവിട്ട് നാസ
Monday, September 30, 2024 12:33 PM IST
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ മടക്കിയെത്തിക്കാനുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ ബഹിരാകാശ നിലയിലെത്തി.
ക്രൂ9 പേടകത്തിലെ അംഗങ്ങളായ അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയത്. ഇവരുടെ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടു.
ഡോക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷം, ഇരുവരും ബഹിരാകാശ നിലയത്തില്‍ സഹപ്രവര്‍ത്തകരെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ശനിയാഴ്ച ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് പുറപ്പെട്ടത്. നാലു പേർക്കു കയറാവുന്ന ഡ്രാഗൺ പേടകത്തിൽ രണ്ടു സീറ്റ് ഒഴിച്ചിട്ടിരുന്നു. അതേസമയം, ഇവരുടെ മടക്കം ഫെബ്രുവരിയിൽ ആയിരിക്കും.
സുനിതയും വിൽമറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ജൂണിലാണ് ബഹിരാകാശ സ്റ്റേഷനിലെത്തിയത്. പേടകത്തിനു സാങ്കേതിക തകരാറുണ്ടായതോടെ ഇവരുടെ മടക്കം നീളുകയായിരുന്നു. പേടകം ആളില്ലാതെ ഭൂമിയിൽ തിരിച്ചിറക്കി.