മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
Monday, September 30, 2024 10:30 AM IST
കട്ടപ്പന: മുല്ലപ്പെരിയാർ പാട്ടക്കരാറുമായി ബന്ധപ്പെട്ട പുതിയൊരു കേസിന്റെ വാദം ഇന്ന് സുപ്രീംകോടതിയിൽ ആരംഭിക്കും. കഴിഞ്ഞ ജൂലൈയിൽ കോടതി പരിഗണിച്ച കേസ് വാദത്തിനായി ഇന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെയും കേന്ദ്ര വാട്ടർ കമ്മീഷന്റെയും എംപവേർഡ് കമ്മിറ്റിയുടെയും പരിഗണനയിലുള്ള കേസുകൾക്കു പുറമെയുള്ള കേസാണിത്.
കേരള വനംവകുപ്പ് കുമളി ടൗണിനു സമീപം ആനവച്ചാലിൽ നിർമിച്ച മെഗാ കാർ പാർക്കിംഗ് കോംപ്ലക്സിനെതിരേ 2014ൽ തമിഴ്നാട് ഫയൽ ചെയ്ത കേസ് ജൂലൈ 29ന് പരിഗണിച്ചപ്പോൾ എട്ട് ആഴ്ചയ്ക്കുള്ളിൽ ഇരുസർക്കാരുകളും അവകാശവാദങ്ങൾ സംബന്ധിച്ച രേഖകളും തർക്കങ്ങളും നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
കേസ് പരിഗണിച്ചപ്പോൾ 11 വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. ഭരണഘടനയുടെ 131 ആർട്ടിക്കിൾ പ്രകാരം കേസ് സുപ്രീംകോടതിയുടെ പരിഗണനാ വിഷയമാണോ എന്ന് കോടതി ആരാഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരും സംസ്ഥാനം/സംസ്ഥാനങ്ങൾ, സംസ്ഥാനങ്ങൾ തമ്മിൽ, കേന്ദ്രവും കേന്ദ്രഭരണ പ്രദേശവും തമ്മിലുള്ള തർക്കമാണ് 131 ആർട്ടിക്കിളിൽ പറഞ്ഞിട്ടുള്ളത്.
1886ലെ മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ നിയമസാധുത തടഞ്ഞ് മുന്പ് കോടതി തീർപ്പുകൾ ഉണ്ടായിട്ടുണ്ടോ (റെസ് ജുഡിക്കേറ്റ്), കേന്ദ്ര സർക്കാർ മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ യാഥാർഥ പിൻതുടർച്ചക്കാരാണോ, തിരുവിതാംകൂർ രാജഭരണ പ്രദേശവും ഇംഗ്ലണ്ടിന്റെ പ്രവിശ്യയും (തമിഴ്നാട്) തമ്മിലുണ്ടാക്കിയ കരാർ ഇന്ത്യൻ ഇൻഡിപെൻഡന്റ് ആക്ടിന്റെ പരിധിയിൽ പെടുമോ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ (മാറിയ സാഹചര്യത്തിൽ) 1886ലെ കരാറിന് സാധുത പ്രാബല്യത്തിൽ വരുത്താനാകുമോ, സംസ്ഥാന പുനഃസംഘടനാ ആക്ടിന്റെ 108 സെക്ഷൻ അനുസരിച്ച് കരാറിനു സംരക്ഷണം നൽകാൻ കഴിയുമോ, മെഗാ കാർ പാർക്കിംഗ് ഏരിയ കരാർ മേഖലയിൽ ഉൾപ്പെട്ടതാണോ എന്നു തുടങ്ങി 11 ചോദ്യങ്ങൾക്കാണ് സുപ്രീം കോടതി ഉത്തരം തേടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം സംബന്ധിച്ച് ഇരുസംസ്ഥാനങ്ങളും തമ്മിൽ തർക്കം നീളും.