എസ്എടി ആശുപത്രി ഇരുട്ടിൽ; പ്രതിഷേധവുമായി രോഗികൾ
Sunday, September 29, 2024 9:43 PM IST
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മുടങ്ങിയ വൈദ്യുതി പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധം. വൈദ്യുതി മുടങ്ങിയതോടെ അത്യാഹിത വിഭാഗത്തിൽ അടക്കം രോഗികൾ ദുരിതത്തിലായി. വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്ററ് കേടായത് പ്രതിസന്ധി കൂട്ടി.
ട്രാൻസ്ഫോർമർ തകരാറിലായതാണു വൈദ്യുതി തടസപ്പെടാൻ കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാർ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരണം. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.
ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം കനത്ത സാഹചര്യത്തിൽ ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. താത്കാലിക ജനറേറ്റർ ഉടൻ എത്തിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.