കാലം സാക്ഷി ചരിത്രം സാക്ഷി; പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ
Sunday, September 29, 2024 6:07 PM IST
കണ്ണൂർ: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശേരി ടൗൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം മൃതദേഹം സംസ്കരിച്ചു.
ചൊക്ലിയിലെ വീട്ടിൽ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരക്കണക്കിനു പ്രവർത്തകരാണ് എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി.ജയരാജൻ, എം.സ്വരാജ്, എ.എ.റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
മൂന്ന് പതിറ്റാണ്ടുകൾ ശരീരം തളർന്ന് ശയ്യയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്തരിച്ചത്. 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു.
അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്ക് തളർന്നുപോയ പുഷ്പൻ അന്നുമുതൽ കിടപ്പിലാണ്.