നെഹ്റു ട്രോഫി വള്ളംകളി; ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് വില്ലേജ് ബോട്ട് ക്ലബ്
Sunday, September 29, 2024 3:31 PM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്.
ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കന്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് വില്ലേജ് ബോട്ട് ക്ലബ് ആരോപിച്ചു.
ഇതിനെതിരെ ബോട്ട് റേസ് കമ്മിറ്റി തലവനായ കളക്ടർക്ക് വീയപുരം ക്യാപ്റ്റൻ പരാതി നൽകി. നെഹ്റു ട്രോഫി വള്ളംകളി ഫൈനലിലെ സ്റ്റാർട്ടിംഗ് പിഴവിനെതിരെ കുമരകം ടൗൺ ബോട്ട് ക്ലബ്ബും ബോട്ട് റേസ് കമ്മിറ്റിക്ക് പരാതി നൽകി.
തങ്ങളുടെ ട്രാക്കിൽ ഒരു ബോട്ട് തടസമായി നിന്നത് അറിയിച്ചിട്ടും അതു നോക്കാതെ മത്സരം ആരംഭിച്ചതിനാൽ തങ്ങളുടെ സ്റ്റാർട്ടിംഗ് വൈകിയതു തുഴച്ചിലിനെ ബാധിച്ചതായാണ് പരാതി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലിനെ ജേതാക്കളാക്കാനുള്ള ശ്രമമാണ് സംഘാടകർ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.