സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവ് രീതി; എഡിജിപിയുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ ആര്‍എസ്എസ് നേതാവ്
Sunday, September 29, 2024 10:55 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്.അജിത് കുമാറുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍. ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത്തരം കൂടിക്കാഴ്ചകള്‍ ആര്‍എസ്എസിന്റെ പതിവുരീതിയാണെന്നും ജയകുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഇല്ല. കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നത് . ഇന്ന് സർവിസിൽ തുടരുന്ന എത്രയോ ഐപിഎസുകാരും ഐഎഎസുകാരും എന്തിനേറെ ചീഫ് സെക്രട്ടറിമാർ വരെ ആർഎസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്.
ഇതിൽ നിരവധി പേർ ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ്. പൊതുജീവിതത്തിൽ താൻ ചെന്നുകണ്ടവരുടെയും തന്നെ വന്നു കണ്ടവരുടെയും തന്നോടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാൽ അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത വിഭാഗങ്ങളിലും പെടുന്ന നൂറു കണക്കിനു നേതാക്കൾ ഉണ്ടാകും.
അതിനൊക്കെ തനിക്ക് നോട്ടീസ് അയക്കാൻ തുടങ്ങിയാൽ ഇതിനായി ഒരു പുതിയ വകുപ്പ് തന്നെ സർക്കാർ ആരംഭിക്കേണ്ടി വരുമെന്നും പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.