പോലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്നു: വി.മുരളീധരന്
Saturday, September 28, 2024 8:38 PM IST
തിരുവനന്തപുരം: സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പോലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ബിജെപി നേതാവ് വി.മുരളീധരന്. പിണറായി വിജയന് ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്റെ അടിമകളാണ്.
കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പോലീസ് പതിവാക്കിയിരിക്കുന്നു.
ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന ജനപ്രതിനിധികളെപ്പോലും പോലീസ് അവഹേളിക്കുകയാണ്. സിപിഎം നേതാക്കളുടെ താത്പര്യമനുസരിച്ചാണു പ്രവർത്തിക്കുന്നതെങ്കില്‍ ജനം പോലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.