അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുന്നു: ഇ.എൻ.മോഹൻദാസ്
Saturday, September 28, 2024 8:19 PM IST
മലപ്പുറം: പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻ ദാസ്. നിലമ്പൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം അൻവറാണ്. ആദ്യ അഞ്ചു വർഷം സമ്പൂർണ പരാജയമായിരുന്നു.
ഇപ്പോൾ ജീവനക്കാരുടെ സഹായം കൊണ്ട് കുറച്ച് നടക്കുന്നു. കച്ചവടത്തിനായി വിദേശ രാജ്യങ്ങളിലായത് വികസനത്തിന് വലിയ തടസമായിരുന്നു. വിരോധം തീർക്കാൻ ആർഎസ്എസ് ചാപ്പ കുത്തുന്നത് തരം താണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് അൻവർ.
ആരുടേയും നിസ്ക്കാരം തടഞ്ഞിട്ടില്ല. നിസ്ക്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തന്റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണ്. അൻവറിന്റെ ആരോപണം പുച്ഛത്തോടെ തള്ളുവാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ കത്തിക്കുന്നത് തീവ്രവർഗീയതയുടെ പന്തമാണ്.
നാളത്തെ അൻവറിന്റെ സമ്മേളനത്തിൽ ആളുണ്ടാകും. പൊതുയോഗമാണെങ്കിൽ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദ്ദേശം നൽകാറില്ലെന്നും ഇ.എൻ. മോഹൻ ദാസ് വ്യക്തമാക്കി.