നെഹ്റു ട്രോഫി; കാരിച്ചാൽ ചുണ്ടൻ ജല രാജാവ്
Saturday, September 28, 2024 5:46 PM IST
ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജേതാവായി കാരിച്ചാൽ ചുണ്ടൻ. ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലില്‍ ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ ചുണ്ടന് ഒന്നാമത്തെത്തിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്കു പിൻതള്ളിയാണ് കാരിച്ചാൽ നെഹ്റുട്രോഫിയിൽ മുത്തമിട്ടത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ അഞ്ചാംകിരീടവും കാരിച്ചാൽ ചുണ്ടന്റെ പതിനാറാം കിരീടവുമാണിത്. വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു.
ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയം കുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ വീയപുരം ചുണ്ടന് തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്. അഞ്ചു ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഒന്നാം ഹീറ്റ്സിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വീയപുരം ചുണ്ടനും ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.
ഒന്നാം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.