ഭക്തിസാന്ദ്രമായി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത് തൊഴുത് ആയിരങ്ങൾ
Saturday, September 28, 2024 3:21 PM IST
ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം എഴുന്നള്ളത്ത് തൊഴുത് ആയിരങ്ങൾ. ഏഴ് വർഷത്തിന് ശേഷമാണ് വലിയമ്മയുടെ ആയില്യം എഴുന്നള്ളത്ത് നടക്കുന്നത്. വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആയില്യം എഴുന്നള്ളത്താണ് ഇവിടെ പ്രധാനം.
ശ്രീകോവിലിൽനിന്ന് നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി വലിയമ്മയുടെ ആയില്യം എഴുന്നള്ളത്തിനെ ചെറിയമ്മ നാഗയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ സർപ്പയക്ഷി, നാഗചാമുണ്ഡി തിടമ്പുകളുമായി അനുഗമിച്ചു.
ക്ഷേത്രത്തിനു വടക്കുള്ള ഇല്ലത്തെ നിലവറയ്ക്കു സമീപത്തെ തളത്തിൽ എഴുന്നള്ളത്ത് സമാപിച്ചതോടെ സർപ്പക്കളങ്ങളിൽ തിടമ്പുകൾവച്ച് വലിയമ്മ ആയില്യം പൂജ ആരംഭിച്ചു. ഒൻപതു മണിക്കൂറുകളോളം നീളുന്ന ചടങ്ങുകളോടെയാണ് ആയില്യം പൂജ പൂർണമാകുന്നത്.
വലിയമ്മയായിരുന്ന ഉമാദേവി അന്തർജനത്തിന്റെ നിര്യാണത്തെ തുടർന്ന് ഒരുവർഷം മുമ്പാണ് സാവിത്രി അന്തർജനം മണ്ണാറശാലയിലെ മുഖ്യപൂജാരിണിയായി അഭിഷിക്തയാകുന്നത്. ഒരു വർഷം പൂജാദികർമങ്ങൾ സ്വായത്തമാക്കിയ സാവിത്രി അന്തർജനം ഈ മാസം നാലിനാണ് ശ്രീ കോവിലിൽ പൂജ തുടങ്ങിയത്.
ഉമാദേവി അന്തർജനത്തിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ അടുത്തകാലത്തായി ആയില്യം ഉത്സവത്തിന് എഴുന്നള്ളത്തുണ്ടായിരുന്നില്ല. ഏഴുവർഷം മുമ്പാണ് ആയില്യം നാളിലെ എഴുന്നള്ളത്ത് നടന്നത്.
പൂയ്യം നാളായിരുന്ന വെള്ളിയാഴ്ച നാഗരാജാവിനും സർപ്പയക്ഷിക്കും ചതുശതനിവേദ്യത്തോടെയുള്ള ഉച്ചപൂജ നടന്നു. ഈ സമയം ദർശനം നടത്താൻ ഭക്ത ജനത്തിരക്കായിരുന്നു. വൈകുന്നേരം വലിയമ്മ ഇല്ലത്തെ ഇളമുറയിലെ അന്തർജനങ്ങൾക്കൊപ്പം ക്ഷേത്രദർശനം നടത്തി.
തുലാ മാസത്തെ ആയില്യമാണ് മണ്ണാറശാല ആയില്യമായി അറിയപ്പെടുന്നത്. എന്നാൽ, കന്നിമാസവും സമാനമായ ചടങ്ങുകളോടെയാണ് മണ്ണാറശാലയിൽ ആയില്യം ഉത്സവം നടത്തുന്നത്. ഒക്ടോബർ 26നാണ് മണ്ണാറശാല ആയില്യം.