ഇനിയല്പം ക്ഷീണമാകാം! റിക്കാർഡ് വിലയിൽ നേരിയ ഇടിവുമായി സ്വർണം
Saturday, September 28, 2024 11:44 AM IST
കൊച്ചി: റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 40 രൂപയും ഗ്രാമിന് അഞ്ചു രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 56,760 രൂപയിലും ഗ്രാമിന് 7,095 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,870 രൂപയില്‍ തുടരുന്നു.
തുടര്‍ച്ചയായ ആറ് ദിവസത്തെ മുന്നേറ്റത്തിനു ശേഷമാണ് ഇന്ന് വിലയില്‍ ഇടിവുണ്ടായത്. വെള്ളിയാഴ്ച പവന് 320 രൂപയും ബുധനാഴ്ച പവന് 480 രൂപയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർധിച്ചിരുന്നു. ഇതോടെ, ഒരാഴ്ചയ്ക്കിടെ ഏകദേശം 2,200 രൂപയാണ് വര്‍ധിച്ചത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ ആറുദിവസമായി വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.
പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വില വെള്ളിയാഴ്ച 0.46 ശതമാനം ഇടിഞ്ഞ് 2,657.97 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 28 ഡോളറോളം കുറവു വന്നെങ്കിലും കേരളത്തില്‍ ആനുപാതികമായ കുറവു വന്നിട്ടില്ല.
അതേസമയം, വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി.