തിരച്ചിലിനിടെ സേനയ്ക്ക് നേരെ വെടിയുതിർത്ത് ഭീകരർ; കാഷ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
Saturday, September 28, 2024 9:43 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ജില്ലയിലെ അഡിഗാം ഗ്രാമത്തില്‍ സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.
തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഈ മാസം 15ന് പൂഞ്ച് ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. 14ന് ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറില്‍ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
11ന് ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ജമ്മു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടെയാണ് പ്രദേശത്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്.