യുപിയിലെ സ്കൂളിൽ നരബലി; രണ്ടാം ക്ലാസുകാരനെ കഴുത്ത്ഞെരിച്ച് കൊന്നു
Saturday, September 28, 2024 1:25 AM IST
ലഖ്നോ: രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്കൂൾ അധികൃതർ ബലി നൽകിയെന്ന് പരാതി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് സംഭവം. ഹത്രാസിനടുത്ത റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ഭാഗേലിന്റെ പിതാവ് മൂന്ന് അധ്യാപകർ എന്നിവരുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയ കഴുത്ത് ഞെരിച്ച് കൊന്നതായാണ് വിവരം.
സ്കൂളിനു പുറത്ത് കുഴല്‍ക്കിണറിനു സമീപം വച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹോസ്റ്റൽമുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുറത്തേക്കു കൊണ്ടുവരുമ്പോള്‍ ഉണർന്നു നിലവിളിച്ചതിനെത്തുടര്‍ന്ന് അവിടെവച്ചുതന്നെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.
മറ്റൊരു കുട്ടിയ നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും ശ്രമം വിഭലമായെന്നാണ് വിവരം. തുടർന്നാണ് അടുത്ത കുട്ടിയെ കൊലയ്ക്കായി തെരഞ്ഞെടുത്തത്. മന്ത്രവാദ ക്രിയകൾക്കുപയോഗിക്കുന്ന വസ്തുക്കൾ സ്കൂൾ സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മകന് അസുഖം ബാധിച്ചതായി കഴിഞ്ഞ തിങ്കളാഴ്ച സ്കൂള്‍ അധികൃതർ തന്നെ വിളിച്ച് അറിയിച്ചതായി കുട്ടിയുടെ അച്ഛൻ കൃഷന് കുശ്വാഹ പറഞ്ഞു. കുശ്വാഹ സ്കൂളിലെത്തിയപ്പോള്‍ കുട്ടിയെ സ്കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേൽ കാറില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. പിന്നീട് ബാഗേലിന്റെ കാറില്‍നിന്ന് മകന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.