ജീവനക്കാരുടെ അഭാവം; റെയിൽ അപകടങ്ങള്‍ വര്‍ധിക്കുന്നു
സീമ മോഹന്‍ലാല്‍
Friday, September 27, 2024 6:57 PM IST
കൊച്ചി: ഇന്ത്യന്‍ റെയില്‍വേയില്‍ ജീവനക്കാരുടെ അഭാവംമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതായി ആക്ഷേപം. ഗസറ്റഡ് റാങ്കില്‍ നിലവില്‍ 15,762 ഉദ്യോഗസ്ഥരാണ് വേണ്ടത്. എന്നാല്‍ ഗസറ്റഡ് റാങ്കിലുള്ള വിവിധ തസ്തികകളില്‍ 3,223 ജീവനക്കാരുടെ ഒഴിവുകള്‍ ഇനിയും നികത്തിയിട്ടില്ല.
സെന്‍ട്രല്‍ റെയില്‍വേയില്‍ 153, ഈസ്റ്റണ്‍ റെയില്‍വേയില്‍ 258, നോര്‍ത്തേണ്‍ റെയില്‍വേയില്‍ 259, നോര്‍ത്ത് ഈസ്റ്റണ്‍ റെയില്‍വേയില്‍ 105, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്പെഷല്‍ ഫോഴ്സില്‍ ഒൻപത്, ഇന്ത്യന്‍ റെയില്‍വേ നാഷണല്‍ അക്കാദമിയില്‍ ഏഴ് എന്നിങ്ങനെ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തപ്പെടാതെ കിടക്കുകയാണ്.
റെയില്‍ കോച്ച് ഫാക്ടറിയില്‍ 33, ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ 22, മോഡേണ്‍ കോച്ച് ഫാക്ടറി 25, മെട്രോയില്‍ 28 എന്നിങ്ങനെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ തുടരുകയാണ്. ജീവനക്കാരുടെ അഭാവം നിലവിലെ ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇത് അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു.
യാത്രക്കാരുടെയും ട്രെയിനുകളുടെയും എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും ജീവനക്കാരുടെ എണ്ണത്തിലെ വര്‍ധന കടലാസില്‍ ഒതുങ്ങുകയാണ്. ഇക്കാര്യം പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ജീവനക്കാരുടെ അഭാവം മൂലം നിലവിലെ ജീവനക്കാര്‍ക്ക് അധികസമയം ജോലി ചെയ്യേണ്ടതായി വരുന്നു. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുമുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട ദുരന്തത്തില്‍ മരിച്ചത് 29 ജീവനക്കാരും 719 യാത്രക്കാരുമാണ്. മൊത്തം 638 അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ 70 ജീവനക്കാര്‍ക്കും 2017 യാത്രക്കാര്‍ക്കും പരിക്കേറ്റു.
കഴിഞ്ഞ 40 ട്രെയിന്‍ അപകടങ്ങളിലായി 313 യാത്രികരും നാല് റെയില്‍വേ ജീവനക്കാരും രാജ്യത്ത് മരിക്കുകയുണ്ടായി. 744 യാത്രക്കാര്‍ക്കും അഞ്ച് ജീവനക്കാര്‍ക്ക് അപകടങ്ങളില്‍ പരിക്കേറ്റു. 2022-ല്‍ 48 ട്രെയിന്‍ അപകടങ്ങളിലായി രണ്ട് ജീവക്കാര്‍ മരിക്കുകയും അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 71 യാത്രികര്‍ക്കും പരിക്കേറ്റു.
2021-ല്‍ 35 അപകടങ്ങളില്‍ മൂന്നു ജീവനക്കാരും ഒമ്പത് യാത്രക്കാരും മരിച്ചു. 45 യാത്രികര്‍ക്കും ഒരു ജീവനക്കാരനും പരിക്കേല്‍ക്കുകയും ചെയ്തു.