അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ആംബുലൻസ് പുറപ്പെട്ടു
Friday, September 27, 2024 6:25 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലേക്കു പുറപ്പെട്ടു. ശനിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.
വൈകുന്നേരം മൂന്നോടെയാണ് പരിശോധനയുടെ ഫലം കുടുംബത്തെ അറിയിച്ചത്. പിന്നാലെ മറ്റു നടപടിക്രമങ്ങൾ വേഗത്തിലാക്കി. കർണാടക സർക്കാർ തയാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിലുണ്ട്.
കർണാടക പോലീസും യാത്രയിൽ മൃതദേഹത്തെ അനുഗമിക്കും. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുന്റെ ആ്മശാന്തിക്കായി പ്രാർഥിക്കുമെന്നും സതീഷ് സെയ്ൽ പറഞ്ഞു.